ശബരിമല മണ്ഡലകാല തീർഥാടനം നേരത്തെ ഒരുങ്ങാൻ ദേവസ്വം ബോർഡ്

ശബരിമല മണ്ഡലകാല തീർഥാടനം നേരത്തെ ഒരുങ്ങാൻ ദേവസ്വം ബോർഡ്
Mar 19, 2024 11:57 AM | By Editor

_മണ്ഡല മകര വിളക്ക് ഒരുക്കങ്ങൾ ഒരു വർഷം മുൻപേ ആരംഭിച്ച് തിരുവിതാംകൂർ ദേവസം ബോർഡ്. അടുത്ത വർഷം ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് ഒരുക്കേണ്ട സൗകര്യങ്ങളെ സംബന്ധിച്ച നിർദേശം കഴിഞ്ഞ സീസണിൽ പ്രവർത്തിച്ചവരിൽ നിന്നും സ്വീകരിച്ചായിരുന്നു തുടക്കം. 2024-2025 വർഷത്തെ ശബരിമല മണ്ഡല - മകരവിളക്ക് തീർഥാടന മുന്നൊരുക്കം സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിൽ ആണ് ദേവസ്വം ഉന്നത ഉദ്യോഗസ്ഥരുടെയും കഴിഞ്ഞ സീസണിൽ ശബരിമല ഡ്യൂട്ടി നോക്കിയിട്ടുള്ള സ്പെഷ്യൽ ഓഫീസർ മാരുടെയും യോഗം ചേർന്നത്.ശബരിമല മണ്ഡല -മകരവിളക്ക് തീർഥാടനത്തിന്‍റെ നടത്തിപ്പ് സംബന്ധിച്ച് യോഗം വിലയിരുത്തൽ നടത്തി. വിവിധ ഡ്യൂട്ടി പോയിന്‍റുകളിൽ ജോലി നോക്കിയിരുന്ന ദേവസ്വം സ്പെഷ്യൽ ഓഫീസർമാർ അടുത്ത ശബരിമല സീസണിൽ ഭക്തർക്കായി ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകി.ഭക്തർക്ക് ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഏർപ്പെടുത്തേണ്ട കൂടുതൽ സംവിധാനങ്ങൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. വരുന്ന ശബരിമല തീർത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങൾ വളരെ നേരത്ത തന്നെ ആരംഭിക്കുമെന്നും പ്രസിഡന്‍റ് യോഗത്തിൽ അറിയിച്ചു.യോഗത്തിൽ ഉയർന്നുവന്ന ക്രീയാത്മകമായ നിർദ്ദേശങ്ങൾ സംബന്ധിച്ച് തുടർ യോഗങ്ങൾ വിളിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ പറഞ്ഞു. വരുന്ന വർഷം പോരായ്മകൾ ഉണ്ടാകാത്ത തരത്തിൽ കാര്യങ്ങൾ ചെയ്യാൻ ജീവനക്കാർ മുന്നോട്ട് വച്ച നിർദ്ദേശങ്ങളും ആവശ്യങ്ങളും ആഴത്തിൽ പരിശോധന നടത്തി പൂർവാധികം ഭംഗിയായി തീർഥാടനം നടത്തുമെന്ന് ബോർഡ് അംഗം ജി സുന്ദരേശൻ പറഞ്ഞു.ദേവസ്വം ബോർഡിൽ പുതിയ ഭരണ സമതി അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ് കഴിഞ്ഞതവണ തീർഥാടന കാലം ആരംഭിച്ചത്. ഇതുകൊണ്ടുതന്നെ തുടക്കത്തിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. നിരവധി പരാതികളും ഉയർന്ന സാഹചര്യത്തിലാണ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നേരത്തെ ആരംഭിച്ചിരിക്കുന്നത്.

Sabarimala Mandalkala Pilgrimage Devaswom Board to prepare early

Related Stories
Top Stories