റിയാദ്: സൗദി അറേബ്യയിലെ അല്‍-ജൗഫ്, തബൂക്ക് മേഖലകള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് ഇടിമിന്നലോടെ വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. മക്കയുടെ ചില ഭാഗങ്ങളെയും വടക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ ചില ഭാഗങ്ങളെയും മഴമേഘങ്ങള്‍ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഭാഗങ്ങളില്‍ ശക്തമായ കരിമേഘങ്ങളുടെ സാന്നിധ്യത്താല്‍ ആകാശം ഇരുണ്ടുമൂടും. വ്യത്യസ്ത തീവ്രതയിലുള്ള മഴയും ഇടമിന്നലും ഉണ്ടായേക്കുമെന്നും ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു.
മദീന മേഖലയേയും റിയാദ് മേഖലയിലെ ചില സമീപപ്രദേശങ്ങളേയും മഴമേഘങ്ങള്‍ ബാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള വസന്ത കാലത്ത് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി നേരത്തേ പ്രവചിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യ, ഹായില്‍, വടക്കന്‍ അതിര്‍ത്തി മേഖല, അല്‍ ജൗഫ്, തബൂക്ക്, അസീര്‍ എന്നീ പ്രദേശങ്ങളില്‍ ശരാശരിയേക്കാള്‍ മഴ കുറവായിരിക്കും. എന്നാല്‍ ഇക്കാലയളവില്‍ മഴ കൂടുതല്‍ ലഭിക്കുന്ന ചുരുക്കം പ്രദേശങ്ങളുമുണ്ട്. മിക്ക പ്രദേശത്തും സാധാരണ ലഭിക്കുന്ന മഴതന്നെ മാര്‍ച്ച്-മേയ് മാസങ്ങളിലുണ്ടാവും.
വസന്ത കാലത്ത് ചിലയിടങ്ങളില്‍ സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ജിസാന്‍ മേഖലയിലും മക്കയുടെ ചില പ്രദേശങ്ങളിലും മദീന, അസീര്‍, തബൂക്ക് എന്നീ പ്രദേശങ്ങളില്‍ താപനിലയിലെ വര്‍ധന ഒന്നര ഡിഗ്രിയിലെത്തും.
അടുത്ത മാസം രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും സാധാരണ നിലയില്‍ മഴ ലഭിക്കും. മദീന, അല്‍ ഖസീം, ഹാഇല്‍ എന്നിവിടങ്ങളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കാം. എന്നാല്‍ കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തികള്‍, അസീര്‍ എന്നിവിടങ്ങളില്‍ മഴയില്‍ കുറവുണ്ടാകും. എന്നാല്‍ കിഴക്കന്‍ പ്രവിശ്യ, തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍ കൂടിയ തോതിലും അസീര്‍, ജിസാന്‍ മേഖലകളില്‍ സാധാരണയുള്ളതിലും കുറഞ്ഞ തോതിലുമാകും മഴ പെയ്യുക.
Saudi Weather: Heavy rain and thunder in Tabuk and Al Jouf areas today